Thursday, March 27, 2025

കൊല്ലപ്പെട്ട ഷഹബാസിന്റെയും ഷിബിലയുടെയും ബന്ധുക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ മാതാപിതാക്കളും, ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ ബന്ധുവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഇരുവരും പറഞ്ഞു

വ്യാഴാഴ്ച ഉച്ചയോടെയാണ് താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ അക്രമ സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മാതാപിതാക്കള്‍, കോഴിക്കോട് PWD ഗസ്റ്റ്ഹൗസില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടത്.

കേസില്‍ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകന്‍ കൊല്ലപ്പെടാന്‍ കാരണക്കാരായ കുട്ടികള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരായെന്നും, കുറ്റാരോപിതരായ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു

ഭര്‍ത്താവ് കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ സ്വദേശിനി ഷിബിലയുടെ ബന്ധു അബ്ദുല്‍ മജീദും മുഖ്യമന്ത്രിയായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിബില ഭര്‍ത്താവിനെതിരെ നല്‍കിയ പരാതി അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അബ്ദുല്‍ മജീദ് പറഞ്ഞു. കേസുകളില്‍ തുടര്‍നടപടി ഉറപ്പാക്കുന്നതില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി ഇരുകുടുംബങ്ങള്‍ക്കും ഉറപ്പുനല്‍കി

No comments:

Post a Comment

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂ...