മൂന്ന് വർഷമായി ഒരു ജോലിക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞിട്ടും ജോലി ലഭിച്ചില്ല. അറ്റ കൈക്ക് യുവാവ് ലിങ്ക്ഡ്‌ഇന്നില്‍ ഇട്ട ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.
മൂന്ന് വർഷമായി ഒരുപാട് ജോലിക്ക് വേണ്ടി അന്വേഷിച്ചെന്നും അപേക്ഷകള്‍ അയക്കുന്നെങ്കിലും അവരാരില്‍ നിന്നും പിന്നീട് ഒരു വിവരവും കിട്ടുന്നില്ലെന്നും പ്രശാന്ത് ഹരിദാസ് എന്ന യുവാവ് പറയുന്നു. ഇതേ തുടർന്ന് ലിങ്ക്ഡ്‌ഇന്നില്‍ തന്റെ തന്നെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ചരമഫോട്ടോയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.
എല്ലാത്തിനും ലിങ്ക്ഡ്‌ഇന്നിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇൻഡസ്ട്രി ലീഡേഴ്സിന് നന്ദി, തന്നെ അവഗണിച്ചതിനും ഗോസ്റ്റ് ചെയ്തതിനും എന്നാണ് യുവാവ് പിന്നീട് പറയുന്നത്. തന്റെ പോസ്റ്റുകള്‍ക്കും നിരർത്ഥകമായ ഈ സംഭാഷണത്തിനും ഖേദം പ്രകടിപ്പിക്കുന്നു. താൻ എത്ര നന്നായാലും എത്ര റെക്കമൻഡേഷനുകള്‍ ഉണ്ടായാലും ആരും തന്നെ ജോലിക്കെടുക്കാൻ പോകുന്നില്ല എന്ന് തനിക്കറിയാം എന്നും പോസ്റ്റില്‍ പറയുന്നു.
ഇതിനെല്ലാം ഒപ്പം 'റെസ്റ്റ് ഇൻ പീസ്' എന്ന് എഴുതിയ തന്റെ ഒരു ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്. സ്വയം വേദനിപ്പിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ലെന്നും ജോലിക്ക് വേണ്ടിയുള്ള തന്റെ അന്വേഷണത്തിന് മാത്രമാണ് താൻ ആദരാഞ്ജലികള്‍ അർപ്പിച്ചിരിക്കുന്നത് എന്നും യുവാവ് തന്റെ പോസ്റ്റില്‍ പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
No comments:
Post a Comment