Monday, April 21, 2025

വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലെ തുറന്ന മേൽക്കൂര;കെട്ടിടനികുതി ബാധകമല്ലെന്ന് ഹൈകോടതി

കൊച്ചി:വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലെ തുറന്ന മേൽക്കൂരകൾക്ക് കെട്ടിട നികുതി ബാധകമല്ലെന്ന് ഹൈക്കോടതി.
കെട്ടിടങ്ങളെ കാലാവസ്ഥയില്‍ നിന്ന് സംരക്ഷിക്കാനുള്ള താത്കാലിക മേല്‍ക്കൂരകളെ പ്ലിന്ത് ഏരിയയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. അതേസമയം, മേല്‍ക്കൂരകള്‍ അടച്ചുകെട്ടിയ നിലയിലാണെങ്കില്‍ നികുതി ഈടാക്കാം. ഇവിടം താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാല്‍ നികുതി ഈടാക്കാം.

വാണിജ്യസ്ഥാപനത്തിനു മുകളിലെ തുറന്ന മേല്‍ക്കൂരയ്‌ക്ക് 2,80,800 രൂപ അധിക നികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികള്‍ നല്‍കിയ ഹർജി അനുവദിച്ചാണ് കോടതിയുടെ ഉത്തരവ്. പാരപ്പെറ്റുള്ള ഭാഗം ഭാഗികമായി അടച്ച നിലയിലാണെന്നും മേല്‍ക്കൂര ഇട്ടിടത്ത് ഹർജിക്കാർ സാധനം സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാല്‍ പാരപ്പെറ്റ് കെട്ടിട സുരക്ഷയുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധനങ്ങള്‍ സൂക്ഷിച്ചതിനെ വിനിയോഗമായി കാണാനാകില്ല.

ട്രസ് ഒഴിവാക്കിയാല്‍ കെട്ടിടത്തിന് 1328 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഇതിന് 6 ലക്ഷം രൂപയ്‌ക്കു മുകളില്‍ നികുതി കണക്കാക്കിയിരുന്നു. സർക്കാർ മാനദണ്ഡപ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാല്‍ ഇതില്‍ 50 ശതമാനം ഇളവ് വേണമെന്നും ഹർജിക്കാർ ആവശ്യമുന്നയച്ചിരുന്നു. എന്നാല്‍ കെട്ടിടം പണിതീർത്ത സമയത്ത് ഈ സൗകര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇളവ് അനുവദിച്ചില്ല.

No comments:

Post a Comment

ഇനി ആവർത്തിക്കില്ലെന്ന്,'സർബത്ത് ജിഹാദ്' വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന് ബാബാ രാംദേവ്"

ന്യൂഡൽഹി:നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ...